ഇന്ന് വിഷു. എല്ലാവര്ക്കും വിഷുദിനാശംസകള്‍.
കാലത്ത് വിഷുക്കണിയായി രമേശേട്ടനും ശാന്തേച്ച്ചിയും കൊണ്ട് വരുന്ന കാരയപ്പം, പിന്നെ എന്റെ ഉമ്മ നല്കുന്ന വിഷുക്കൈനീട്ടം. ചെറുകുന്നു അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ഒരാഴ്ച നീളുന്ന വിഷു വിളക്കുത്സവം. കളിപ്പാട്ടങ്ങളും കൌശലവസ്ത്തുക്കളും ഊഞ്ഞാലുകളും സര്‍ക്കസും മറ്റു വിനോദ പരിപാടികളുമായി ഉത്സവ ചന്ത. ഉത്സവത്തോടന്‍ബന്ധിച്ച് രണ്ട് ദിവസങ്ങളിലായി വൈകുന്നേരം ചെറുകുന്നു ദേശവാസികളുടെയും കണ്ണപുരം ദേശവാസികളുടെയും വര്‍ണക്കുടകളും വഹിച്ചുള്ള കാഴ്ച വരവ്, ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് രാത്രി കരിമരുന്ന് പ്രയോഗം - ഇതൊക്കെയാണ് മനസ്സിലേക്ക് ഓടിവരുന്ന വിഷു ഓര്‍മ്മകള്‍.
കുട്ടിക്കാലത്ത് ഒരാഴ്ച നീണ്ട് നില്ക്കുന്ന ഉത്സവത്തിന് ഒരു ദിവസം ശാന്തേച്ചി എന്നേയും പെങ്ങളേയും കൊണ്ട് പോകും. അവസാന ദിവസം ചന്തയില്‍ വില കുറച്ച് കിട്ടുമെന്നതിനാല്‍ അന്ന് അവിടെ നിന്ന് മണ് ചട്ടിയും കലവും ഒക്കെ വാങ്ങാന്‍ ഉമ്മ ശന്തേച്ചിയെ പറഞ്ഞേല്പിക്കും. കുറച്ച് വളര്‍ന്നപ്പോള്‍ അമ്മവന്റെ കടയില്‍ ചെന്നിരിക്കും. ഉത്സവ സമയത്ത് കടയില്‍ തിരക്കായിരിക്കും. അവിടെ നിന്ന് കാഴ്ച വരവ് കാണാന്‍ എളുപ്പമാണ്. രാത്രി അടുത്ത ഒരു ബില്‍ഡിങ്ങിന്റെ മുകളില്‍ കയറി കരിമരുന്നു പ്രയോഗം കാണും. അതു കഴിഞ്ഞാല്‍ അവിടെ മൊത്തം ഗതാഗത കുരുക്കായിരിക്കും. ആ റൂട്ടില്‍ ഓടുന്ന ബസ്സുകളൊക്കെ അവിടെ റെഡിയായാരിക്കും. കൂടാതെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകളും അവിടെ ഉണ്ടാകും. ബസ്സിന് പുറത്ത് തൂങ്ങിയും, പുറത്ത് മുകളില്‍ കയറിയുമൊക്കെ ആയിരിക്കും ആളുകള്‍ പോകുന്നത്.
ചെറുകുന്നിലെ ടൌണ്‍ ആയ കതിരുവെക്കും തറക്കാണ് (തറ എന്ന് ചുരുക്കി പറയും) അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം. ചെറുകുന്നു പഞ്ചായത്തില്‍ തന്നെ ഉള്ള എന്റെ ഗ്രാമത്തില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെ.
ഓർമ്മകൾ നല്ലതാണ്
ReplyDelete