Thursday, July 21, 2011

അവധിക്കാലത്തെ കാല്‍നട വിശേഷങ്ങള്‍

ഇപ്രാവശ്യം നാട്ടില്‍ പോയാല്‍ വാടകയ്ക്ക് കാറ് എടുക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. കാറുണ്ടായാല്‍ നാട്ടില്‍ പോയതിന്റെ ഒരു ഇഫക്റ്റ് കിട്ടുന്നില്ല. വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയെടുത്ത് എത്തേണ്ടിടത്ത് ഇറങ്ങി തിരിച്ച് വന്ന് - എന്തോ ഒരു കുറവുണ്ട്. നാടുമായി ഒന്നു അടുത്തിടപെടാന്‍ കഴിയില്ല. എപ്പോഴും കരുതും അടുത്ത തവണ വണ്ടി എടുക്കില്ലെന്ന്, പക്ഷെ സാധിക്കില്ല. ഇപ്രാവശ്യം അത് നടപ്പിലാക്കി.

എന്റെ ഗ്രാമത്തില്‍നിന്ന് അടുത്ത ടൌണിലേക്ക് രണ്ട് കിലോമീറ്റര്‍ ഉണ്ട്. നടക്കാം അല്ലെങ്കില്‍ ആട്ടോ പിടിക്കാം. വന്നതിന്റെ പിറ്റേന്ന് തന്നെ മകനുമായി നടന്നപ്പോ വഴിയിലും  റോഡിനരികിലെ വീടുകളില്‍ പുറത്തിരിക്കുന്നവരേയും കണ്ടു,  സുഖാന്വേഷണങ്ങള്‍ കൈമാറി, കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു. വളരെ സന്തോഷം തോന്നി. പ്രായമായവരാണ് കണ്ടവരില്‍ കൂടുതലും. പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വളര്‍ന്ന ചെറുപ്പക്കാരെ വലിയ പരിചയമില്ല. സമപ്രായക്കാരായവര്‍ മിക്കവരും നാട്ടിലില്ല.

റോഡരികില്‍ നിന്നും ഒരു ദൃശ്യം
നടക്കുമ്പോള്‍ മകന് നാട്ടിനെ കുറിച്ചും, വയലുകളെകുറിച്ചും, മരങ്ങളെകുറിച്ചും, പക്ഷികളെകുറിച്ചും ഒക്കെ പറഞ്ഞ് കൊടുക്കാന്‍ പറ്റി. കൂടെ ഓര്‍മകള്‍ അയവിറക്കലുമായി.

അല്പം നടന്നപ്പോള്‍ ദേവി ടീച്ചറെ കിട്ടി കൂടെ നടക്കാന്‍. വിഷേശങ്ങള്‍ പറഞ്ഞ് നടക്കവെ കുറച്ച് കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് വന്ന ഒരു സുഹൃത്ത് കാറുമായി അത് വഴി വന്നു. ഞങ്ങള്‍ നടക്കുന്നത് കണ്ട് അവന്‍ വണ്ടി നിര്‍ത്തി. പിന്നെ അതില്‍ കയറുകയല്ലാതെ വേറെ വഴിയില്ല. അത്ര അഹങ്കാരം വേണ്ടല്ലേ. 

നാട്ടിന്‍പുറത്തിലൂടെയുള്ള നടത്തം, ബസ്സില്‍ യാത്ര, ബസ് സ്റ്റാന്‍ഡ്, ആട്ടോ അങ്ങിനെ സ്വകാര്യ വാഹനം ഇല്ലെങ്കില്‍ അത് ഒരു ഹരമാണ്. ഇതിനിടയില്‍ പല അനുഭവങ്ങള്‍ - ആശങ്കകളും പ്രതീക്ഷകളും തരുന്ന സമ്മിശ്ര അനുഭവങ്ങള്‍. കുട്ടികളേയും കൂട്ടി ട്രെയിനില്‍ യാത്ര ചെയ്യണമെന്ന പ്ലാന്‍ മാത്രം നടന്നില്ല.

ഗള്‍ഫ്കാരന്‍ നാട്ടില്‍ വരുമ്പോള്‍ സ്വന്തമായോ വാടകയ്ക്കോ ഒരു വണ്ടി എടുത്തിരിക്കണമെന്നത് നാട്ടില്‍ ഇപ്പോള്‍ ഒരു അലിഖിത നിയമമായിട്ടുണ്ട്.  അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് വലിയ വിഷമമാണ്. ചിലര്‍ സഹതാപത്തോടെ നോക്കും, ചിലര്‍ പുഛത്തോടെയും. ചിലര്‍  നേരിട്ട് ചോദിക്കുകയും ചെയ്യും. ശരിക്കും നല്ല ഗഡ്സ് വേണം.

1 comment:

  1. നടക്കുന്നതിനെപ്പറ്റി ദാ ഇതൊന്ന് വായിക്കൂ..
    ഞാനും നിങ്ങളുടെ ഒരു നാട്ടുകാരനാണെ..
    http://ramasathadhara.blogspot.com/2012/03/blog-post.html

    ReplyDelete