Wednesday, July 20, 2011

ടൊയ്ലറ്റും സെക്യൂരിറ്റിയും പിന്നെ ഫോട്ടൊയും

കണ്ണൂര്‍ ടൌണില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന മകന് മൂത്രശങ്ക. വീട്ടിലെത്തുന്നത് വരെ നീട്ടി വെക്കാന്‍ പറഞ്ഞപ്പോള്‍ ഒരു രക്ഷയുമില്ല. അടുത്ത് കണ്ട ഒരു പെട്രോള്‍ സ്റ്റേഷനില്‍ തീരെ പതിവില്ലാത്ത വിധം ഭംഗിയായി ഒരു ബോര്‍ഡില്‍ റ്റൊയ്ലെറ്റ് എന്ന് എഴുതിയത് കണ്ട് അവിടെ കയറാം എന്ന് കരുതി. പക്ഷെ ഒരു വാതില്‍ കാണാത്തതിനാല്‍ അവിടെ കണ്ട ഒരു സെക്യൂരിറ്റിയോട് ചോദിച്ചു. പക്ഷെ ഒരു അക്രോഷമായിരുന്നു മറുപടി - ‘ഞാന്‍ ടൊയ്ലെറ്റിന്റെ ആളല്ല’. എന്തോ ടൊയ്ലറ്റിലേക്കുള്ള വഴി ചോദിച്ചത് അദ്ധേഹത്തിന്റെ അഭിമാനത്തിന് ക്ഷതം ഏല്പിച്ചെന്ന് തോന്നുന്നു! അയാളോട് സംസാരിച്ച് കൊണ്ടിരുന്ന ആള്‍ എന്നോട് സൌമ്യനായി പറഞ്ഞു ആ പെട്രോള്‍ സ്റ്റേഷന്‍ അറ്റന്‍ഡറൊഡ് അന്വേഷിക്കാന്‍.

"കുട്ടിക്കാണോ അതാ അവ്ടെ ഒഴിച്ചോളൂ, റ്റൊയ്ലെറ്റ് തുറക്കാന്‍ ബുദ്ധിമുട്ടാണ് "- അവിടെയുള്ള കെട്ടിടത്തിനെ വശത്ത് ഒരു ഓപണ്‍ സ്പേയ്സ് ചൂണ്ടിയാണ് അയാള്‍ പറഞ്ഞത്. നമ്മുടെ നാട്ടിന്റെ ഒരു കാര്യം! 


നല്ലൊരു ടൊയ്ലറ്റ് ഉണ്ടായിട്ടും, മൂത്രമൊഴിക്കാന്‍ കാണിച്ച് തന്ന ഓപണ്‍ സ്പേയ്സ്. ഈ ഫോട്ടോ സെക്യൂരിറ്റി ഇഷ്യുവൊന്നും ഉണ്ടാക്കില്ലെന്ന് കരുതാം.
വേറെ വഴിയില്ല. മകനോട് അവിടെ ഒഴിക്കാന്‍ പറഞ്ഞു. ഒരു കൌതുകം തോന്നിയതിനാല്‍ ആ ഇടത്തിന്റെ ഒരു ഫോട്ടൊ എടുത്തു. പിന്നെ ഭംഗിയായി ടൊയ്ലെറ്റ് എന്ന് എഴുതിയ ബോര്‍ഡിന്റെയും ഒരു ഫോട്ടോ എടുത്തു ഞാന്‍ അവിടെ നിന്നും ഇറങ്ങി റോഡിന്റെ അരികില്‍ നില്ക്കുമ്പോള്‍ ആ സെക്യൂരിറ്റി വന്ന് എന്റെ കൈക്ക് പിടിച്ച് ഫോട്ടോ എടുത്തോ എന്ന് ചോദിച്ചുകൊണ്ട് റോഡിനരികില്‍ നിന്ന് പെട്രോള്‍ സ്റ്റേഷന്റെ കോമ്പൌണ്ടിലേക്ക് കയറി. പോലീസിനെ വിളിക്കുകയാണെന്ന് പറഞ്ഞ് അയാള്‍ ഫോണില്‍ നമ്പറടിക്കാന്‍ തുടങ്ങി. ചേട്ടാ കാര്യമെന്താണെന്ന് പറയൂ എന്നിട്ട് പോലിസിനെ വിളിച്ചാല്‍ പോരെ എന്ന് ഞാനും പറഞ്ഞു. ആ ടൊയ്ലെറ്റിനോട് ചേര്‍ന്ന് ഒരു എ.ടി.എം ഉണ്ട് അവിടുത്തെ സെക്യൂരിറ്റിയാണ് ഇയാള്‍. എ.ടി.എമ്മിന്റെ ഫോട്ടോയാണ് നിങ്ങള്‍ എടുത്തത്, ഇവിടെ പലതും നടക്കുന്നുണ്ട് എന്നൊക്കെ അയാള്‍ ചൂടായി പറഞ്ഞു.  ചേട്ടാ അങ്ങിനെയെങ്കില്‍ അത് പറഞ്ഞാല്‍ പോരെ ഞാന്‍ അത് ഡിലീറ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് ഞാന്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ടൊയ്ലെറ്റിന്റെ വഴി ചോദിച്ചതിന് ചേട്ടന്‍ എന്തിനാ ചൂടായത് എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ മറുപടിയൊന്നും പറയാതെ പോയി. 

പിന്നെയാണ് അതിന്റെ ക്ലൈമാക്സ്. സെക്യൂരിറ്റിക്കാരന്‍ പോയ ഉടനെ രണ്ട് ചെറുപ്പക്കാര്‍ എന്റെടുത്ത് വന്നു എന്താണെന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. പിന്നെ അവര്‍ ചൂടാകന്‍ തുടങ്ങി - അത്രയെ ഉള്ളൂ, അതിനാണോ അയാള്‍ നിന്റെ കൈയില്‍ പിടിച്ചത്.  ഞങ്ങള്‍ കരുതി നീ എ.ടി.എമ്മില്‍ എന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടാണ് എന്ന്. നീ എന്തിനാണ്‍ അങ്ങിനെ വെറുതെ വിട്ടത്. വാ നമുക്ക് ചോദിക്കാം. ഞാന്‍ പറഞ്ഞു വിട്ടേക്ക് - കുഴപ്പമില്ല. പക്ഷെ അവര്‍ വിടാന്‍ ഭാവമില്ല. എന്നല്‍ ഞങ്ങള്‍ പോയി ചോദിക്കും എന്ന് പറഞ്ഞു അവര്‍ അയാളുടെ അടുത്തേക്ക് ചെന്നു.

അവര്‍ അയാളോട് വല്ലാതെ ചൂടാവുന്നുണ്ട്. പിന്നെ ഞാന്‍ അങ്ങോട്ട് ചെന്നു. അയാള്‍ ന്യായികരിക്കാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ അവര്‍ വിടുന്നില്ല. ഒരു കുട്ടിയുമായി പോകുന്ന ആളോട് ഇങ്ങിനെയാണോ പെരുമാറുന്നത്, കുറച്ച് കൂടി മാന്യമായി പെരുമാറിക്കൂടെ. നിങ്ങള്‍ ഫെഡറല്‍ ബാങ്കിന്റെ മാത്രം സെക്യൂരിറ്റിയാണ് അല്ലാതെ കണ്ണൂര്‍ ടൌണിന്റെ മൊത്തം സെക്യൂരിറ്റിയാവണ്ട, ഇത് കണ്ണൂരാണ് എന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. അവസാനം നിങ്ങളുടെ പേരെന്താണ് ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടേ എന്നൊക്കെ അവര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ സെക്യൂരിക്കാരന്‍ മെല്ലെ പിന്‍-വലിയാന്‍ ശ്രമിക്കുന്നത് കണ്ടു. അവസാനം ഞാന്‍ അവരെ സമാധാനിപ്പിച്ച് അവിടെ നിന്ന് കൊണ്ട് പോയി.

ഞാന്‍ അവരെ പരിചയപ്പെടാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ കൂടുതല്‍ പരിചയപ്പെടാന്‍ താത്പര്യം കാണിച്ചില്ല. പിന്നെ എനിക്ക് കുറച്ച് ഉപദേശവും - “അങ്ങിനെ പേടിക്കേണ്ടതില്ല, ഇവിടെ നാട്ടുകാരില്ലെ. നിങ്ങളുടെ കൈയില്‍ അങ്ങിനെ പിടിച്ച് നടക്കുമ്പോള്‍ കാണുന്നവര്‍ എന്താണ് കരുതുക. ഞങ്ങള്‍ കരുതിയത് നിങ്ങള്‍ എ.ടി.എമ്മില്‍ എന്തെങ്കിലും   തട്ടിപ്പ് നടത്തി എന്നാണ്. അങ്ങിനെയല്ലേ എല്ലാവരും കരുതുക. നിങ്ങളുടെ കൂടെ ഒരു കുട്ടിയുമില്ലേ. ഞങ്ങള്‍ ശരിക്കു വിഷമമായി അത്കൊണ്ടാണ് ഞങ്ങള്‍ ചോദിച്ചത്“.  ശരിക്കും പറഞ്ഞാല്‍ ഇതിന്‍ അങ്ങിനെയും ഒരു മാനമുണ്ടെന്ന് അപ്പോഴാണ് ഞാന്‍ ചിന്തിച്ചത്.

ഇപ്പോഴും ഞാന്‍ കണ്‍ഫ്യൂഷനിലാണ് ആരാണ്‍ ശരി, ആരണ് തെറ്റ്! നിങ്ങള്‍ക്കെന്ത് തോന്നുന്നു?

അയാള്‍ അയാളുടെ ജോലി ചെയ്തതാകാം. പക്ഷെ പൊതുജനങ്ങളോട് ഇടപഴകേണ്ട ഒരു ജോലിയാകുമ്പോള്‍ കുറച്ച് കൂടി മര്യാദ ആവാമായിരുന്നു. എങ്ങിനെ സംസാരിക്കണം എങ്ങിനെ ഇടപെടണം എന്നതിനെ കുറിച്ച് ഒരു മിനിമം പരിശീലനമെങ്കിലും ബാങ്കായാലും സെക്യൂരിറ്റി ഏജന്‍സി ആയാലും നല്‍കേണ്ടതാണ്. 

1 comment:

  1. എങ്ങിനെ സംസാരിക്കണം എങ്ങിനെ ഇടപെടണം എന്നതിനെ കുറിച്ച് ഒരു മിനിമം പരിശീലനമെങ്കിലും ബാങ്കായാലും സെക്യൂരിറ്റി ഏജന്‍സി ആയാലും നല്‍കേണ്ടതാണ്.

    aThanu !!

    ReplyDelete