സുസ്ഥിര വികസനം (sustainable development), ഗ്രീന്‍ ബില്‍ഡിങ്ങ് (Green Building) എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷെ അത് വെറും മാധ്യമങ്ങളില്‍ മാത്രമാണ്, നമ്മുടെ നാട്ടില്‍ ഇത് പ്രായോഗിക തലത്തില്‍ എത്താന്‍ ഇനിയും കാലമെടുക്കും എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നുന്നത്.
നിര്‍മ്മാണ വസ്തുക്കളുടെ പുനരുപയോഗവും പ്രാദേശികമായി ലഭ്യമായ നിര്‍മ്മാണവസ്തുക്കളുടെ ഉപയോഗവും ഗ്രീന്‍ ബില്‍ഡിങ്ങ് തത്വങ്ങളില്‍ വളരെ പ്രാധാനപ്പെട്ടതാണ്. വീടെടുക്കുന്ന ഉടമസ്ഥന് മനസ്സ് വെച്ചാല്‍ മാത്രം പോരാ പണി എടുക്കുന്നവര്‍ക്കും എടുപ്പിക്കുന്നവര്‍ക്കും അതിന്റെ ബോധം വേണം, മനോഭാവം മാറണം എന്ന് എന്റെ അനുഭവം അടിവരയിടുന്നു. പഴയ തറവാട് പൊളിച്ചാണ് ഞാന്‍ വീട് പണി തുടങ്ങിയത്. തറവാട് പൊളിച്ചപ്പോള്‍ കവുക്കോല്, വണ്ണം കൂടിയ കട്ടിളകളും വാതിലുകളുമൊക്കെയായി മോശമല്ലാത്ത തടികള്‍ ഉണ്ടായിരുന്നു. പുതിയ വീടിന് കട്ടിളയും ജനലും ഉണ്ടാക്കാന്‍ ആവശ്യമായ മരം അതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ആശാരിയെ കൊണ്ട് വന്നാപ്പോള്‍ ഒരു കാര്യം മനസ്സിലായി അയാള്‍ക്ക് പരമാവധി പഴയ മരം എടുക്കുന്നത് ഒഴിവാക്കാനാണ് താത്പര്യം എന്ന്. പഴയ മരം ഉപയോഗിക്കുന്നത് വഴി എത്ര മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കാന്‍ പറ്റുമെന്ന് ചിന്തിച്ചിരുന്നെങ്കില്‍! ഈ പഴയ മരങ്ങള്‍ പാഴായി പോകില്ല എന്ന് ചിന്തിച്ചിരുന്നെങ്കില്‍! പഴ വീടിന്റെ വരാന്തയുടെ കവുക്കോല് കൊണ്ട് മാത്രം പുതിയ പുരയുടെ വരാന്ത കവുക്കോലും ഓടുമാക്കാമായിരുന്നു. ഞാന്‍ എന്റെ പ്ലാന്‍ ഉണ്ടാക്കിയത് പോലും അതിന് പറ്റുന്ന വിധത്തിലായിരുന്നു. പക്ഷെ മേസ്തിരിക്ക് അത് ശരിയാവില്ല എന്ന് പറയാനേ കഴിഞ്ഞുള്ളൂ. കുഴിനാട്ടയ്ക്ക് മതിയായ കാട്ട്കല്ല് (പാറ) സൈറ്റില്‍ തന്നെ ലഭ്യമാണ്. പക്ഷെ അതുപയോഗിക്കുന്നതിലും കുറെ എക്സ്ക്യൂസസ് ആണ്.
അങ്ങിനെ പുനരുപയോഗിക്കാവുന്ന മരങ്ങള്‍ ഉണ്ടായിട്ടും പുതിയ മരങ്ങള്‍ വാങ്ങണം, പ്രാദേശികമെന്നല്ല സൈറ്റില്‍ തന്നെ ലഭ്യമായ പാറ കല്ലുകള്‍ ഉണ്ടായിട്ടും കുഴിനാട്ടയിടാന്‍ ‘സെക്കന്റ് ചെത്ത് കല്ല്’ (അങ്ങിനെയാണ് അതിന് പറയുന്നത്) വാങ്ങണം.
എനിക്കും തെറ്റുപറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. തുടക്കത്തില്‍ ഞാനും ഇക്കാര്യമൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇങ്ങിനെയൊക്കെയാണ് നാട്ടിലെ കാര്യങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ ഞാനും വൈകി. അല്ലെങ്കില്‍ പ്രൊജക്ട് മാനേജറെ തെരഞ്ഞെടുക്കുന്ന അവസരത്തില്‍ തന്നെ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തുമായിരുന്നു. പക്ഷെ പ്രൊജക്ട് മാനേജരില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത് എന്നത് മറ്റൊരു കാര്യം. മരപ്പണിക്കാരും, കല്പണിക്കാരും എന്ന് വേണ്ട കെട്ടിട നിര്‍മ്മാണത്തിന്റെ ഓരോ സ്റ്റേജിലും ഏര്‍പ്പെടുന്ന പണിക്കാരും കോണ്ട്രാക്ടര്മാരും അവരുടെ മനോഭാവം മാറ്റുകയും പുതിയ കാര്യങ്ങള്‍ പഠിക്കുവാനും മാറുന്ന പാരിസ്ഥിതിക സാമൂഹിക അവസ്ഥകള്‍ മനസ്സിലാക്കുവാനും തയ്യാറാകിടത്തോളം ഇതിന് മാറ്റം ഉണ്ടാകുകയില്ല.
യഥാര്‍ത്ഥില്‍ ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്കാണ് അവരുടെ ക് ളൈന്റിനെ മാറുന്ന സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കേണ്ട ഉത്തരവാദിത്തം. പക്ഷെ അവര്‍തന്നെ ഇങ്ങിനെയായാലോ?
No comments:
Post a Comment