Tuesday, February 9, 2010

അധ്യാപകന്‍ മുടക്കിയ പഠനം

എസ് എസ് എല്‍ സി ഫസ്റ്റ് ക്ലാസില്‍ പാസായി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ വിഷയം കണക്ക്. ഇനിയിപ്പോള്‍ പ്രി-ഡിഗ്രി. നാല് ഗ്രൂപ്പുകളാണ്. ആദ്യ ഓപ്ഷന്‍ ഫസ്റ്റ് ഗ്രൂപ്പ്. പിന്നെ സെകണ്ട്. മൂന്നും കിട്ടാത്തവന്‍ ഫോര്‍ത്ത്. അതാണ്‌ ഞങ്ങളുടെ നാട്ടു നടപ്പ്. കണക്കില്‍ ടോപ്പ് മാര്‍ക്ക് കിട്ടിയതിനാല്‍ ഫസ്റ്റ് ഗ്രൂപ്പ് എന്ന് കണക്കു മാഷിന്റെ ന്യായം. ഫസ്റ്റ് ക്ലാസ് കിട്ടിയതിനാല്‍ ഫസ്റ്റു ഗ്രൂപ്പെന്നു നാട്ടുകാരുടെ ന്യായം.


ഏതായാലും തളിപ്പറമ്പ് സര്‍ സയ്യിദ്, കണ്ണൂര്‍ എസ് എന്‍ , പയ്യന്നൂര്‍ കോളേജ് - എല്ലായിടത്തും കൊടുത്തു അപേക്ഷകള്‍. അങ്ങിനെ ഫസ്റ്റ് ഗൂപ്പിന്‍ ഓഫര്‍ കിട്ടിയത് സര്‍ സയ്യിദില്‍ നിന്നു. പുതിയ പ്രതീക്ഷകളുമായി ഒരു പുതിയ ലോകത്തിലേക്ക്. നിഷ്കളങ്ങമായ സ്കൂള്‍ ജീവിതം വിട്ടു, അത്രയൊന്നും നല്ലതു പറഞ്ഞു കേട്ടിട്ടില്ലാത്ത കോളേജ് ജീവിതത്തിലെക്ക്.

10 വര്‍ഷം  നാട്ടിന്‍ പുറത്തെ മലയാളം മീഡിയത്തില്‍, ഇനി ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ആണ്.  അതു തന്നെയായിരുന്നു എന്റെ പ്രശ്നവും. കണക്കിലെ സൂത്രവാക്യങ്ങളും, സാങ്കേതിക പദങ്ങളും എല്ലാം ഇനി ഇംഗ്ലീഷില്‍, പടച്ചോനേ, എനിക്ക് ഒരു എ.ബി.സി.ഡി യും മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല്‍ ഒരു ഭീമാകാരനായ മാത്-സ് ലക്ചറര്‍ - ഭയാനകമായ ഉയരവും, ശബ്ദവും - ഒരു ദാക്ഷിണ്യവും കാട്ടിയില്ല. പുതിയ അന്തരീക്ഷവും പുതിയ മീഡിയവും - ഒന്നും അദ്ധേഹം പരിഗണിച്ചില്ല. ഇമ്പൊസിഷനായിരുന്നു ഒരു പ്രധാന ശിക്ഷാ വിധി. പ്രാക്റ്റിക്കലി ഇമ്പോസിബള്‍ അത്രയും എണ്ണം. വൈകിട്ട് വൈകി വീട്ടില്‍ എത്തി പിറ്റേന്ന് രാവിലെ വീണ്ടും ഇറങ്ങണ്ടേ. അങ്ങിനെ പയ്യെ പയ്യെ ക്ലാസ് കട്ട് ചെയ്ത് തുടങ്ങി. അതു അവസാ‍നം ഒരു നാട് വിടലില്‍ കലാശിച്ചു.