Thursday, April 15, 2010

കടമില്ലാതെ... കടക്കെണിയില്‍ പെടാതെ...

വന്‍ സാമ്പത്തിക ബാധ്യത വരുന്ന ആവശ്യങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് പല ഘട്ടങ്ങളിലായി കടന്നു വരും. ഒരു ശരാശരി ആളുടെ ജീവിത ചക്രം പഠനം കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കുന്നതോടെ തുടങ്ങുന്നു എന്നു പറയാം. ഒരു ബിരുദധാരിയാണെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ വര്‍ഷത്തെ ജോലി പരിചയത്തിന് ശേഷം ഒരു എം.ബി.എ അല്ലെങ്കില്‍ എന്തെങ്കിലും പ്രൊഫഷണല്‍ കോഴ്സ് ചെയ്യുക എന്നത് മിക്കവരുടേയും ആഗ്രഹം ആയിരിക്കും. പിന്നെ നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം കല്ല്യാണം, പിന്നെ കുറച്ച് കഴിഞ്ഞ് സ്വന്താമായി ഒരു വീട്, കാറ്, പിന്നെ കുട്ടികളുടെ ഉപരിപഠനം, പിന്നെ റിട്ടയര്‍മെന്റ് ജീവിതം. ഇവയൊക്കെ ന്യായമായി പ്രവചിക്കാവുന്നതാണ് - ഇതിനൊക്കെ ഏകദേശം എത്ര തുക വേണ്ടിവരുമെന്നതും.

ഇത്തരം ആവശ്യങ്ങള്‍ ഉണ്ടാകുമെന്നും അതിന് ഒരു തുക വേണ്ടിവരുമെന്നും മുന്‍ കൂട്ടി കാണാമായിരുന്നിട്ടും നമ്മള്‍ എന്താണ് ചെയ്യുന്നത്? ഒരു മുന്‍ കരുതലുമില്ലാതെ കിട്ടുന്നത് ചിലവഴിച്ച് സായൂജ്യമടയുന്നു. അവസാനം ആവശ്യം വന്ന് ചേരുമ്പോള്‍ പലിശയ്ക്ക് കടം വാങ്ങാന്‍ പരക്കം പായുന്നു, പിന്നീട് അത് തിരിച്ചടക്കാന്‍ നട്ടം തിരിയുന്നു. സന്തോഷകരമായി മാറേണ്ട ഇത്തരം കാര്യങ്ങള്‍ പിന്നീട് എല്ലാ കഷ്ടപ്പാടുകളുടേയും ഹേതുവായി മാറുന്നു. എന്നാല്‍ അല്പം പ്ളാനിങ്ങും കരുതലും ഉണ്ടായാല്‍ കടം വാങ്ങാതെ, മാനസിക നില തെറ്റാതെ ഈ ആവശ്യങ്ങളൊക്കെ നിറവേറ്റാന്‍ കഴിയും.

സമ്പാദ്യത്തെ കുറിച്ചും, ആദ്യം ഒരു എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുന്നതിനെ കുറിച്ചും ഇതിന്‍ മുമ്പ് പ്രതിപാദിച്ചു. തീര്‍ച്ചയായും ജീവിതം നാം പ്ളാന്‍ ചെയ്ത് വെച്ചത് പോലെ മുന്നോട്ട് പോകണമെന്നില്ല. അങ്ങിനെ അപ്രതീക്ഷിതമായി വരുന്ന ആവശ്യങ്ങള്‍ക്കാണ് സാമ്പാദ്യത്തില്‍ നിന്ന് ആദ്യം ഒരു തുക എമര്‍ജന്‍സി ഫണ്ടായി സ്വരൂപിക്കുന്ന കാര്യം പറഞ്ഞത്. പിന്നീട് മുകളില്‍ വിവരിച്ച നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിനായി നമ്മുടെ സമ്പാദ്യം ന്യായമായ ആദായം തരുന്ന മേഖലകളില്‍ നിക്ഷേപിക്കണം. അതിന് പണം ഏകദേശം എത്ര വറ്ഷങ്ങള്‍ കഴിഞ്ഞാണ് വേണ്ടി വരിക എന്ന് ആദ്യം പരിഗണിക്കണം. രണ്ട് വര്‍ഷത്തില്‍ താഴെ ആണെങ്കില്‍ മദ്ധ്യകാല നിക്ഷേപവും അതില്‍ കൂടുതലാണെങ്കില്‍ ദീര്‍ഘകാല നിക്ഷേപവും ആണ് പരിഗണിക്കേണ്ടത്.

ഹ്രസ്വ-മദ്ധ്യകാല നിക്ഷേപങ്ങള്‍ക്ക് പരിഗണിക്കാവുന്നവയാണ് ബാങ്ക് സേവിങ്ങ്സ് അക്കൌണ്ട്, ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ്, ബോണ്ട്സ് തുടങ്ങിയവ. ദീര്‍ഘകാല നിക്ഷേപത്തിന്‍ യോജിച്ചതാണ് ഷെയര്‍സ് (ഓഹരി), റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ. ദീര്‍ഘ കാലത്തേക്ക് കരുതലോടെ നിക്ഷെപിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 15% എങ്കിലും ഓഹരി നിക്ഷേപത്തിലൂടെ കിട്ടും. അല്പം കൂടുതല്‍ ശ്രദ്ധിച്ചാല്‍ അതിലും എത്രയോ മടങ്ങ് അധികം നേടാം.

10 വര്‍ഷം കഴിഞ്ഞ് 20 ലക്ഷത്തിന്റെ ഒരു വീട് എടുക്കുവാന്‍ 12% വാര്‍ഷിക ആദായം ലഭിക്കുന്ന വിധത്തില്‍ മാസംതോറും നിക്ഷേപിക്കേണ്ട തുക  9,400 ആണ്. 15% കിട്ടുമെങ്കില്‍ 8,000 മാസം തോറും നിക്ഷേപിച്ചാല്‍ മതിയാകും. 15 വര്‍ഷം കഴിഞ്ഞാണെങ്കില്‍ 3,520 മതിയാകും! അതാണ് നേരത്തെ നിക്ഷേപിച്ച് തുടങ്ങിയാലുള്ള ഗുണം. ഈ രീതിയില്‍ നിങ്ങളുടെ ഭാവിയില്‍ വരാവുന്ന ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഓരോന്നിന്റെയും പ്രതീക്ഷിക്കുന്ന സമയ പരിധി, തുക എന്നിവ നിശ്ചയിക്കുക. അങ്ങിനെ ഓരോ മാസവും എത്ര സമ്പാദിക്കണം, എവിടെ നിക്ഷേപിക്കണം എന്നിവ തിട്ടപ്പെടുത്താം.

ഇപ്പോള്‍ നിങ്ങളുടെ സ്വപ്ന ജീവിതം സുഖമമാക്കാന്‍ മാസത്തില്‍ എത്ര തുക നിക്ഷേപിക്കണം എന്ന് മനസ്സിലായല്ലോ? നിങ്ങളുടെ ഇപ്പോഴത്തെ വരുമാനം അത്രയും സമ്പാദിക്കാന്‍ അനുവദിക്കുന്നില്ലെങ്കിലോ? തികച്ചും ന്യായമായ ചോദ്യം. എങ്ങിനെയൊക്കെ അതിനെ ക്രമീകരിക്കാം? ഒന്നു നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള  മാര്‍ഗം തേടണം. മറ്റൊരു നല്ല ജോലി, അതിന്‍ വേണ്ടി വന്നാല്‍ എന്തെങ്കിലും കോഴ്സ് ചെയ്യുകയോ മറ്റെന്താണ് തടസ്സമെന്ന് മനസ്സിലാക്കി അത് പരിഹരിക്കാന്‍ പരിശ്രമിക്കുക്കയോ ചെയ്യുക. അല്ലെങ്കില്‍ ഇപ്പോഴത്തെ നിങ്ങളുടെ ചിലവ് കുറക്കുവാനുള്ള മാര്‍ഗങ്ങള്‍ അന്വെഷിക്കുക. അനാവശ്യ ചിലവുകളും ഒഴിവാക്കാന്‍ പറ്റുന്ന മറ്റു ചിലവുകളും ഒഴിവാക്കുക. കുറക്കാന്‍ പറ്റുന്നത് കുറക്കുക. അല്ലെങ്കില്‍ മറ്റൊരു മാര്‍ഗം നിങ്ങളുടെ സ്വപ്നങ്ങള്‍ കുറക്കുക്ക എന്നതാണ്. അതിന്‍ നിങ്ങള്‍ക്ക് പറ്റുമോ? മുപ്പത്തഞ്ചാം വയസ്സില്‍ വീടെടുക്കുക എന്നത് നാല്പതാം വയസ്സില്‍ എന്നാക്കി മാറ്റുക, ഇരുപത് ലക്ഷത്തിന്റെ എന്നത് 15 ലക്ഷത്തിന്റെ എന്നാക്കി മാറ്റുക.

ചുരുക്കി പറഞ്ഞാല്‍ കരുതലോടെ ജീവിച്ചാല്‍, കടക്കെണിയില്‍ പെടാതെ, സാമ്പത്തിക ബാധ്യതകള്‍ വരുത്തുന്ന മാനസിക സമ്മര്‍ദ്ദമില്ലാതെ നമുക്കും  നമ്മുടെ സ്വപ്നത്തിലെ ജീവിതം കെട്ടിപ്പടുക്കാം, യാധാര്‍ത്ഥ്യമാക്കാം.

വിഷു സ്മരണകള്‍

ഇന്ന് വിഷു. എല്ലാവര്ക്കും വിഷുദിനാശംസകള്‍.


കാലത്ത് വിഷുക്കണിയായി രമേശേട്ടനും ശാന്തേച്ച്ചിയും കൊണ്ട് വരുന്ന കാരയപ്പം,  പിന്നെ എന്റെ ഉമ്മ നല്‍കുന്ന വിഷുക്കൈനീട്ടം. ചെറുകുന്നു അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ഒരാഴ്ച നീളുന്ന വിഷു വിളക്കുത്സവം. കളിപ്പാട്ടങ്ങളും കൌശലവസ്ത്തുക്കളും ഊഞ്ഞാലുകളും സര്‍ക്കസും മറ്റു വിനോദ പരിപാടികളുമായി ഉത്സവ ചന്ത. ഉത്സവത്തോടന്‍ബന്ധിച്ച് രണ്ട് ദിവസങ്ങളിലായി വൈകുന്നേരം ചെറുകുന്നു ദേശവാസികളുടെയും കണ്ണപുരം ദേശവാസികളുടെയും വര്‍ണക്കുടകളും വഹിച്ചുള്ള കാഴ്ച വരവ്, ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് രാത്രി കരിമരുന്ന് പ്രയോഗം - ഇതൊക്കെയാണ് മനസ്സിലേക്ക് ഓടിവരുന്ന വിഷു ഓര്‍മ്മകള്‍.

കുട്ടിക്കാലത്ത് ഒരാഴ്ച നീണ്ട് നില്ക്കുന്ന ഉത്സവത്തിന് ഒരു ദിവസം ശാന്തേച്ചി എന്നേയും പെങ്ങളേയും കൊണ്ട് പോകും. അവസാന ദിവസം ചന്തയില്‍ വില കുറച്ച് കിട്ടുമെന്നതിനാല്‍ അന്ന് അവിടെ നിന്ന് മണ്‍ ചട്ടിയും കലവും ഒക്കെ വാങ്ങാന്‍ ഉമ്മ ശന്തേച്ചിയെ പറഞ്ഞേല്പിക്കും. കുറച്ച് വളര്‍ന്നപ്പോള്‍ അമ്മവന്റെ കടയില്‍ ചെന്നിരിക്കും. ഉത്സവ സമയത്ത് കടയില്‍ തിരക്കായിരിക്കും. അവിടെ നിന്ന് കാഴ്ച വരവ് കാണാന്‍ എളുപ്പമാണ്. രാത്രി അടുത്ത ഒരു ബില്‍ഡിങ്ങിന്റെ മുകളില്‍ കയറി കരിമരുന്നു പ്രയോഗം കാണും. അതു കഴിഞ്ഞാല്‍ അവിടെ മൊത്തം ഗതാഗത കുരുക്കായിരിക്കും. ആ റൂട്ടില്‍ ഓടുന്ന ബസ്സുകളൊക്കെ അവിടെ റെഡിയായാരിക്കും. കൂടാതെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകളും അവിടെ ഉണ്ടാകും. ബസ്സിന്‍ പുറത്ത് തൂങ്ങിയും, പുറത്ത് മുകളില്‍ കയറിയുമൊക്കെ  ആയിരിക്കും ആളുകള്‍ പോകുന്നത്.

ചെറുകുന്നിലെ ടൌണ്‍ ആയ കതിരുവെക്കും തറക്കാണ് (തറ എന്ന് ചുരുക്കി പറയും) അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം. ചെറുകുന്നു പഞ്ചായത്തില്‍ തന്നെ ഉള്ള എന്റെ ഗ്രാമത്തില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെ.